Tuesday, February 13, 2018

മഴയുടെ മണമുള്ള നഷ്ടങ്ങള്‍

സന്ധ്യ. മൂടിക്കെട്ടിയ ആകാശം. പെയ്തിറങ്ങാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍. കാറ്റിന് കനം വെച്ചു. എവിടെയോ ഉണക്ക ചില്ലകളൊടിയുന്ന ശബ്ദം. വാകപ്പൂക്കളും പൊഴിഞ്ഞ ഇലകളും അവര്‍ക്ക് മീതെ വന്നു വീണു.
    മഴയ്ക്ക് മുന്‍പേ പ്രണയം പെയ്ത ഒരുള്‍നാടന്‍ വഴിത്താരയിലൂടെ, അവളുടെ തണുത്ത കൈവിരലുകളില്‍ തെരുപ്പിടിപ്പിച്ച് മൂകമായി അയാള്‍ നടന്നു. ആദ്യമായാണ്‌ അവളുടെ കൈ പിടിച്ച് നടക്കുന്നത്. ആര്‍ദ്രമായ മനസ്സിലെ പ്രണയത്തെ തൊട്ടുടച്ച് ഇടയ്ക്കിടെ ഒരു നീറ്റലിന്റെ ഭാരം വിതുമ്പി വന്നു. അവര്‍ തമ്മില്‍ പ്രണയമായിരുന്നില്ല. അയാളുടെ പ്രണയത്തെ അവള്‍ എതിര്‍ത്തിരുന്നില്ല എന്ന് മാത്രം. ചിന്തകളിലെ, അക്ഷരക്കൂട്ടങ്ങളിലെ സാദൃശ്യങ്ങളാണ്‌ അവരെ തോഴരാക്കിയത്.
    നടന്ന്, നടന്ന് കാട്ടുകല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഒരു അര മതിലില്‍ അവര്‍ ഇരുന്നു; വൈകിയും കിതച്ചും വല്ലപ്പോഴും മാത്രമെത്തുന്ന സര്‍ക്കാര്‍ വണ്ടിയും കാത്ത്. അവളുടെ നീണ്ട മുഖം ഒരു കുമ്പിളിലെന്ന പോലെ തന്‍റെ കൈകളില്‍ കോരിയെടുത്തുമ്മ വെയ്ക്കാന്‍ അയാള്‍ക്ക് തോന്നി. തനിക്കതിനുള്ള ധൈര്യമില്ല എന്ന് അയാള്‍ക്ക് തന്നെ അറിയാമായിരുന്നു. അത് കൊണ്ട് തന്നെയായിരിക്കില്ലേ അയാളുടെ പ്രണയത്തെ എതിര്‍ക്കാതെ അവള്‍ അയാളോട് കൂട്ട് കൂടിയതും.
    ബസില്‍ ഒരുമിച്ചിരുന്ന് അവര്‍ ടൌണിലേക്ക് മടങ്ങി. അപ്പോഴേക്കും ഇരുള്‍ കനത്തിരുന്നു. ബസില്‍ തിരക്ക് നന്നേ കുറവായിരുന്നു. ഇടയ്ക്ക് മഴയൊന്ന് ചാറി.
    "ഇനിയെന്നാണ് ഇതുപോലൊരു യാത്ര.." അയാള്‍ തിരക്കി.
    "ഇനിയില്ല."
    "അതെന്താ...?"
    "അടുത്തയാഴ്ച അവര്‍ വരുമെന്ന് അമ്മച്ചി പറഞ്ഞു..."
    "ആര്.....?"
    "പെണ്ണ് കാണാന്‍..."
     അയാളുടെ ഉള്ളൊന്നാളി.  ഒന്നും മിണ്ടാന്‍ സാധിച്ചില്ല. എല്ലാ സൗഹൃദങ്ങളും സ്വന്തമാക്കാനുള്ളതല്ലല്ലോ എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ഒരു പാഴ്ശ്രമം നടത്തി. നെഞ്ചിലെ ഭാരം കൂടിക്കൂടി ഒരു ബലൂണ്‍ പോലെ പൊട്ടിത്തെറിക്കുമെന്ന് അയാള്‍ക്ക് തോന്നി. 
    ഹോസ്റ്റലിന് സമീപം വരെ അവളെ അനുഗമിച്ച ശേഷം ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി യാന്ത്രികമായി നടന്നു.  അടുത്ത ബസ് പിടിച്ചാല്‍ വെളുക്കും മുന്‍പേ നാട്ടിലെത്താം. മഴയുടെ മണമുള്ള രാത്രിയില്‍ ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ പെട്ട് പതിവ് നഷ്ടങ്ങളും പേറി അയാള്‍ യാത്ര തുടര്‍ന്നു....

No comments:

Post a Comment

ഒറ്റമൂലി

യുദ്ധത്തിലെന്ന പോലെ, നമ്മള്‍ എതിര്‍ ചേരിയിലുള്ളവരും പരസ്പരം കണ്ടുമുട്ടാന്‍ പാടില്ലാത്തവരും ആയിരിന്നിട്ട് കൂടി നാം കണ്ട് മുട്ടുകയും സൗഹൃദം ...